10:09pm 07 November 2026
NEWS
എൻഎച്ച് 66-ൽ ഇലക്ട്രിക് ട്രക്ക് കോറിഡോർ: 19 കോടി രൂപ ചെലവിൽ പൂർത്തിയാകുമെന്ന് ഐസിസിടി-കെഎസ്ഇബിഎൽ പഠനം.
02/09/2026  03:46 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എൻഎച്ച് 66-ൽ ഇലക്ട്രിക് ട്രക്ക് കോറിഡോർ

 

2030-ഓടെ കാസർഗോഡ്–തിരുവനന്തപുരം എൻഎച്ച് 66-ൽ ഇലക്ട്രിക് ട്രക്കുകൾക്കായി 90 ചാർജറുകളും 12.5 മെഗാവാട്ട് ചാർജിംഗ് ശേഷിയും ഒരുക്കാൻ 19 കോടി രൂപയുടെ നിക്ഷേപം മതിയാകുമെന്ന് ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷനും (ഐസിസിടി) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും (കെഎസ്ഇബിഎൽ) സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു. 622 കിലോമീറ്റർ ദൂരത്തിൽ നടത്തിയ പഠനം, പിഎം ഇ-ഡ്രൈവ് പദ്ധതിയിൽ പൊതു ചാർജിംഗ് സൗകര്യങ്ങൾക്കായി അനുവദിച്ച 2,000 കോടി രൂപയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ പ്രസ്തുത നിക്ഷേപം വരികയുള്ളുവെന്നും വ്യക്തമാക്കുന്നു.

2050-ഓടെ ചാർജറുകളുടെ എണ്ണം 1,939 ആയും സ്ഥാപിത ശേഷി 204.5 മെഗാവാട്ടായും ഉയരുമെന്നും ഇതിനായി 338 കോടി രൂപയുടെ സഞ്ചിത നിക്ഷേപം വേണ്ടിവരുമെന്നും പഠനം പറയുന്നു. പ്രതിദിന വൈദ്യുതി ആവശ്യകത 2030-ലെ 32 മെഗാവാട്ടിൽ നിന്ന് 2050-ൽ 833 മെഗാവാട്ടായി ഉയരും. 13,355 ട്രക്കുകളുടെയും 3,39,692 പാർക്കിംഗ് ഇവന്റുകളുടെയും ജിപിഎസ് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയ പഠനത്തിൽ കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവ മുൻഗണനാ കേന്ദ്രങ്ങളായി കണ്ടെത്തി. തിരുവങ്ങാട്–കുമ്പളം ഭാഗത്ത് മാത്രം 2050-ഓടെ 76.4 മെഗാവാട്ട് ചാർജിംഗ് ശേഷി ആവശ്യമായി വരുമെന്നും പഠനം പറയുന്നു.

ഇലക്ട്രിക് ട്രക്കുകൾ നിരത്തിലിറങ്ങിയ ശേഷം ചാർജിംഗ് അടിസ്ഥാനസൗകര്യ നിർമാണം ആരംഭിച്ചാൽ പദ്ധതി വൈകുമെന്ന് ഐസിസിടി ഗവേഷക ഹർഷിമ്രൻ കൗർ പറഞ്ഞു. 2030-ലെ ആവശ്യകതയ്ക്കുള്ള 19 കോടി രൂപയുടെ നിക്ഷേപം പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ പരിധിയിൽ ഉൾക്കൊള്ളിക്കാനാകുമെന്നും അവർ വ്യക്തമാക്കി. ആവശ്യകത ഉയരുന്നതിന് മുമ്പുതന്നെ മുൻഗണനാ കേന്ദ്രങ്ങളിലെ വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണം ആസൂത്രണം ചെയ്യാൻ കെഎസ്ഇബിഎൽ പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടർ രാജൻ എം.പി. പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img